പൊല്‍പ്പുളളി ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മുഴുവന് കുടൂംബങ്ങളേയും ദേശീയ സമ്പാദ്യപദ്ധതിയില് അംഗങ്ങളാക്കികൊണ്ട് ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും നല്ല പഞ്ചായത്ത് എന്ന ബഹുമതി പൊല്പ്പള്ളിക്ക് നേടിയെടുക്കാന് കഴിഞ്ഞിട്ടുണ്ട്. കാര്ഷികവൃത്തിയില് മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഒരു പഞ്ചായത്താണ് പൊല്പ്പുള്ളി. പാലക്കാട് ജില്ലയിലെ മറ്റ് പ്രദേശങ്ങളെ പോലെതന്നെ കൃഷി ഭൂമിയുടെ ഉടമസ്ഥത ഉന്നതകുലജാതരായ നമ്പൂതിരിമാരുടേയും, നായന്മാരുടേയും അധീനതയിലായിരുന്നു. പാട്ടം പിരിക്കുന്നതിലും കൃഷി ഒഴിപ്പിക്കുന്നതിലും ജന്മിമാരുടെ പീഢനങ്ങള്ക്ക് ഇവിടുത്തെ പാട്ടകൃഷിക്കാര് ഇരായിട്ടുണ്ട്. കൃഷിക്കാര്ക്ക് കൃഷിയില് തുടര്ച്ച എന്നത് ഒരു സ്വപ്നമായി മാറിയിരുന്നു. ഭൂമി ഒഴിപ്പിക്കുന്നതിനെതിരെയുള്ള ചെറുത്ത്നില്പ് ഈ പഞ്ചായത്തിലും ഉണ്ടായിരുന്നു. എന്നാല് ജന്മഭൂമി കൈവശം വച്ച് കൃഷിചെയ്തിരുന്ന ഈഴവ, ഉടയാര് സമുദായക്കാരും വളരെ പുരാതനകാലത്ത് തന്നെ പൊല്പ്പുള്ളി ഗ്രാമത്തില് ഉണ്ടായിരുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതിന്റെ ഫലമായി ഉച്ചനീചത്വം ഒരുപരിധിവരെ കുറവായിരുന്നു എന്ന് പറയാവുന്നതാണ്. ചിറ്റൂര്കാവിലെ കൊങ്ങന് പടയുടെ പിറ്റേദിവസം പനയൂര് കൊങ്ങന് പടയും, പുതുശ്ശേരി വെടിയുടെ ഭാഗമായി ചൂരിക്കാട് ഊട്ടും വരെ പൌരാണികമായി ഇവിടെ നടന്നു വരുന്നു. ശൈശവ വിവാഹവും, കെട്ട് കല്യാണവും ഈ പ്രദേശത്ത് നിലനിന്നിരുന്നു. ഭര്ത്താവിന്റെ സഹോദരി താലികെട്ടുന്ന സമ്പ്രദായവും, വാതലേറ്റ് ചടങ്ങ് വരെ വധൂവരന്മാര് കാണാതിരിക്കുകയും ചെയ്തിരുന്ന സമ്പ്രദായം നിലനിന്നിരുന്നു.. തീ ഭയം മാറ്റണമെന്നുള്ള യാചനയുമായി രാജാവിനെ മുഖം കാണിച്ച് അനുവാദം വാങ്ങിയാല് മാത്രമേ വീട് ഓട് മേയാന് താണ ജാതിക്കാര്ക്ക് അവസരം ഉണ്ടായിരുന്നുള്ളൂ. വെള്ള മലര്ത്തി വേലികെട്ടാനും, ഒറ്റക്കാലില്‍ ഏത്തം പൂട്ടാനും, വെള്ളതോര്‍ത്ത് തലയില് കെട്ടാനും എല്ലാവര്ക്കും കഴിഞ്ഞിരുന്നില്ല. ഇതിനെല്ലാം രാജാവിന്റെ മുന്കൂട്ടിയുള്ള അനുവാദം വേണ്ടിയിരുന്നു. ഇടക്കര, തുടക്കര, മൂട്ടുക്കര എന്നിങ്ങനെ ഉടുക്കുന്ന മുണ്ടിന്റെ കരകള് നോക്കിയാണ് വ്യത്യസ്ത ജാതിക്കാരെ തിരിച്ചറിഞ്ഞിരുന്നത്. അതുപോലെ സ്ത്രീകളുടെ മുടി കെട്ടിവെയ്ക്കുന്നതും, പുരുഷന്മാര് കുടുമവയ്ക്കുന്നതും വ്യത്യസ്തജാതിക്കാരെ തിരിച്ചറിയുന്ന രീതിയിലായിരുന്നു. ഹിന്ദു ഇസ്ളാം മത വിശ്വാസികളായിരുന്നു ഈ പഞ്ചായത്തിലെ പുരാതന നിവാസികള്. ജാതിമേധാവിത്വത്തിനും തൊട്ടുകൂടായ്മക്കും എതിരായുള്ള പ്രക്ഷോഭ സമരങ്ങള് ഈ പഞ്ചായത്തില് നടന്നിട്ടുണ്ട്. പൊല്പ്പുള്ളി ഗ്രാമത്തിലെ അത്തിക്കോട്ടില് ബേസല് ഇവാഞ്ചലിക്കല് മിഷന് ഒരു ലോവര് പ്രൈമറി സ്കൂള് സ്ഥാപിച്ചത് 1852-ലാണ്. സാമ്പത്തിക രംഗത്ത് ഈ പഞ്ചായത്ത് നിവാസികളുടെ സഹായി പൊല്പ്പുള്ളി സര്വ്വീസ് സഹകരണ ബാങ്കാണ്. ഈ ഗ്രാമ പഞ്ചായത്തിലേറെയും സമതല പ്രദേശമാണ്. പ്രധാനകൃഷി നെല്ലാണ്. തെങ്ങ്, വാഴ എന്നിവക്ക് പുറമെ വയല് വരമ്പുകളില് പച്ചക്കറികളും, പയര്‍വര്‍ഗ്ഗങ്ങളും കൃഷിചെയ്യുന്നു. പാലക്കാട് ജില്ലയിലെ കര്ഷകര്ക്ക് എന്നും അഭിമാനിക്കാവുന്ന രീതിയില് സാധാരണ കര്ഷക കുടുംബത്തില് നിന്നും ഉയര്ന്ന് വന്ന മദ്രാസ് ഗവണ്മെന്റിന്റെ കീഴില് കാര്ഷികഗവേഷണ രംഗത്ത് പ്രശസ്തനായ ശ്രീ.ചെമ്പ്രോട് രാമസ്വാമിക്ക് ജന്മം നല്കിയത് ഈ ഗ്രാമമാണ്. 1960-കളോട് കൂടി കാര്ഷികരംഗത്ത് കമ്മ്യൂണിറ്റി ഡവലപ്പ്മെന്റ് ബ്ളോക്കുകളുടെ സഹായത്തോടെ ജപ്പാന് മോഡല് കൃഷി സമ്പ്രദായവും ജൈവവളത്തിന് ശീമക്കൊന്ന വച്ച് പിടിപ്പിക്കലും പ്രചരിപ്പിക്കുന്ന പാക്കേജ് പദ്ധതികള് നിലവില് വന്നു. പാടശേഖരങ്ങളില് ഇടവിളയായി വേനല്ക്കാലത്ത് പള്ളം വക്കല് എന്ന പേരില് പച്ചക്കറികള് കൃഷിചെയ്തിരുന്നു. സ്വാതന്ത്ര്യാനന്തര ഭാരതത്തിന്റെയും കേരളസംസ്ഥാനത്തിന്റെയും പാലക്കാട് ജില്ലയുടെയും ചരിത്രത്തില് പ്രത്യേകമായ ഒരു സ്ഥാനമുള്ള പഞ്ചായത്താണ് പൊല്പ്പുള്ളി. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ പടയാളികളില് ചിലര് പൊല്പ്പുള്ളിയില് ഉണ്ടായിരുന്നു. പഞ്ചാപകേശ ഉടയാര്, ബാലകൃഷ്ണന് നായര്‍, ശങ്കരനാരായണ മേനോന് എന്ന മുത്ത് മേനോന് എന്നിങ്ങനെ പലരും പടിഞ്ഞാറെ വീട്ടില് എന്.ലക്ഷ്മണന്, വി.കെ വേലായുധന്, അത്തിക്കോട് പരമേശ്വരന്, സി.കെ നാഗേലന്, തുടങ്ങിയ ആദ്യകാല നേതാക്കള് ഈ പഞ്ചായത്തില് കമ്മ്യൂണിസ്റ്റ്് പ്രസ്ഥാനം കെട്ടിപ്പടുക്കാന് പാടുപെട്ട പ്രമുഖരാണ്. പെരുംകുറിശ്ശി ശിവക്ഷേത്രം, കൊള്ളുപ്പറമ്പ് ശിവക്ഷേത്രം, രാഘവപുരം ശ്രീരാമ ക്ഷേത്രം കൂളിമുട്ടം മാരിയമ്മന് കോവില്‍, മന്തപ്പറമ്പ് മാരിയമ്മന് കോവില്‍, എന്നിവ പ്രസിദ്ധങ്ങളായ ദേവാലയങ്ങളാണ്. കൂളിമുട്ടത്തും അത്തിക്കോട്ടും, പുളിയംപറമ്പിലും നിസ്കാരപള്ളികളുണ്ട്. ഒരു ക്രിസ്ത്യന് ദേവാലയവും പൊല്പ്പുള്ളിയിലുണ്ട്. ചൂരിക്കാട്ടിലെ ക്ഷേത്രത്തിലെ ഊട്ട് ഏറെ പ്രത്യേകതകള് ഉള്ളതാണ്. കൃഷിയുമായി ബന്ധപ്പെട്ട് ഈ പഞ്ചായത്തില് പ്രചാരത്തിലുള്ള പ്രധാന വിനോദമാണ് നെല്കുത്തുപാറയില് നടന്നു വരാറുള്ള കന്നുതെളി.